ചക്കര മത്തൻ
ഫാ. ജോർജ്ജ് കാവുകാട്ടിനെ സന്ദർശിക്കണമെന്നത് കുറച്ചു നാളായുള്ള ആഗ്രഹമായിരുന്നു. ജീവിതത്തിലെ ദൈനം ദിന സംഗതികളിൽ പലതിലും എന്നെ പ്രചോദിപ്പിക്കുന്നു, എന്റെ ധൈര്യവും സ്ഥൈര്യവും ചോർന്നു പോകുമ്പോൾ അത് കുറയാതെ പിടിച്ചു നിർത്തുന്നു, എന്നതിലും ഉപരി അദ്ദേഹം എന്റെ ഒരു മെന്റർ ആണ് എന്ന് പറയുന്നതായിരിക്കും കൂടുതൽ ആദരം.
ഭൂമിയും, പ്രകൃതിയും, സാമൂഹ്യ നീതിയും, ഉപവിയും, കരുണയും ഒക്കെ സമ്മേളിക്കുന്ന വളരെ വത്യസ്തമായ ഒരു പ്രേഷിത ദൗത്യത്തിലാണ് അച്ചൻ കഴിഞ്ഞ രണ്ടു ദശകങ്ങളായി ഏർപെട്ടിരിക്കുന്നത്. ജലമോ വളമോ ഇല്ലാതെ തരിശു കിടന്നിരുന്ന ഏതാനും ഭൂ ഖണ്ഡങ്ങൾ ആരോ അച്ചന് കാര്യസ്ഥതക്കായി ഏല്പിച്ചു കൊടുത്തു, എന്നിട്ട് പറഞ്ഞു, ടിൽ ഇറ്റ്, ആൻഡ് കീപ് ഇറ്റ് (ഉഴുത് ഫലവത്താക്കി സൂക്ഷിക്കുക). വേണ്ടത്ര സേവകരും, കാർഷിക അറിവും ഇല്ലാത്ത സന്മനസുള്ള ആരോ ആണ് ഭൂ ഖണ്ഡങ്ങളുടെ ഉടമസ്ഥൻ.
ഗോവയിൽ ഇറങ്ങിയ എന്നെ ഫാ മാത്യു മൂത്തശേരിയും ഫാ കാവുകാട്ടും ചേർന്ന് പൊക്കിയെടുത്തു. ഗോവയിലെ മലയാളി ക്രൈസ്തവർക്കിടയിൽ സേവനം ചെയ്യുകയാണ് ഫാ. മാത്യു. അദ്ദേഹത്തിന്റെ വാഹനം ഉണ്ടായതിനാൽ കാവുകാട്ടു അച്ചന്റെ വാസ സ്ഥലം വരെയുള്ള 200 കി മീ സുഖപ്രദമായി സഞ്ചരിച്ചു. ഫാ മൂത്തശേരി മികച്ച സംഘാടകനും, അജപാലന ശ്രദ്ധ ഉള്ളയാളും, ആശയ സമ്പുഷ്ടനും സർവോപരി സംസാരപ്രിയനും ആണ്. സൂര്യന് കീഴുള്ള ഏത് കാര്യത്തെ കുറിച്ചും ഗണ്യമായ സമയത്തേക്ക് സരസമായി സംസാരിക്കാൻ അദ്ദേഹത്തിന് കഴിവുള്ളതിനാൽ അദ്ദേഹത്തോടൊപ്പം ഉള്ള യാത്രകൾ വിരസമാവില്ല.
12 ഏക്കറുള്ള ഭൂ ഖണ്ഡത്തിലേക്ക് ആണ് എന്നെ ആദ്യം കൊണ്ടുപോയത്. അവിടെ കപ്പ, നെല്ല്, നെല്ലി, തെങ്ങ്, എന്നിവയും മറ്റനേകം ഫലവൃക്ഷങ്ങളും നട്ടു തുടങ്ങിയിരിക്കുന്നു. മറ്റൊരു ഭൂ ഖണ്ഡത്തിൽ കൂവ ആണ് നട്ടിട്ടുള്ളത്. അതൊക്കെ തന്നെ വിളവെടുത്തു പൊടിച്ചു സുഹൃത്തുക്കൾക്കും അവശ്യക്കാർക്കും സമ്മാനിക്കുക എന്നതാണ് അദ്ദേഹം ചെയ്യുന്ന പ്രേഷിതപ്രവർത്തനത്തിന്റെ മർമ്മം. പോഷകാഹാരക്കുറവിനാൽ കഷ്ടപ്പെടുന്ന കുട്ടികൾക്കും യുവാക്കൾക്കും ഒക്കെ അച്ചന്റെ കൂവയും, ഞാവൽ ജ്യൂസും, നെല്ലിക്ക അരിഷ്ടവും ഒക്കെ സഹായകമായിട്ടുണ്ട്. അതേ കുറിച്ചു മറ്റൊരു പോസ്റ്റിൽ പറയാം.
ഇക്കുറി എന്നെ അതിശയിപ്പിച്ചത് ആ ഭൂ ഖണ്ഡത്തിൽ അച്ചൻ നട്ടിട്ടുള്ള മത്തങ്ങ ആയിരുന്നു. ഏതാണ്ട് 25ഓളം വലിയ മത്തങ്ങ അന്ന് ഞങ്ങൾ വിളവെടുത്തു. ഒരു വിധ രാസ പ്രേരകങ്ങളും ഇടാതെ വളർത്തി കൊണ്ടുവരുന്ന പച്ചക്കറികളും, ഫലങ്ങളുമാണ്. പശുവും തൊഴുത്തും ഉള്ള ഭൂ ഖണ്ഡത്തിൽ നിന്ന് വലിയ ബാരലുകളിൽ ഗോ മൂത്രവും മറ്റും പിക്ക് അപ്പിൽ കയറ്റി 35 കി മീ അപ്പുറത്തുള്ള മറ്റൊരു ഭൂ ഖണ്ഡത്തിൽ കൊണ്ട് പോയി ഒഴിക്കുക എന്നതാണ് കൃഷി രീതി. പുല്ലു വെട്ട് അടക്കം എല്ലാം 75 വയസുകാരൻ തന്നെയാണ് ചെയ്യുന്നത്. പോയ വഴിക്ക് ഉള്ള സുഹൃത്തുക്കൾക്ക് ഒക്കെ ഒന്നും രണ്ടും വീതം കൊടുത്തു. രണ്ടു സ്ഥാപനങ്ങൾ എടുത്തു പറയേണ്ടതാണ്. എം എസ് ടി വൈദികർ നടത്തുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ പള്ളിക്കൂടവും, യുവാക്കളുടെ റീഹാബ് സെന്ററുമാണ് ഒന്ന്. മറ്റൊന്ന് 60 വയസിനു മേൽ പ്രായമുള്ള ഒരു മറാഠി ദമ്പതികൾ (ക്രൈസ്തവർ അല്ല) കഴിഞ്ഞ മുപ്പത് വർഷങ്ങളായി നടത്തുന്ന ഒരു വൃദ്ധ മന്ദിരം ആണ് രണ്ടിടത്തും അഞ്ചോ ആറോ മത്തങ്ങകൾ അദ്ദേഹം സമ്മാനിച്ചു.
എന്നെ കൂടുതൽ ഊർജ്ജസ്വലനും, ഉന്മേഷവാനും ആക്കിയ ഒരു യാത്രയും സന്ദർശനവും ആയിരുന്നു അത്. കാവുകാട്ടു അച്ചന്റെ സാമീപ്യം ഉത്തേജക ഔഷധം കഴിക്കുന്നത് പോലെയാണ്. ഞാൻ തിരിച്ചു എന്റെ ലാവണത്തിൽ എത്തിയപ്പോഴേക്കും എന്റെ മത്തൻ വള്ളി തേടി പോയി. വേണ്ട ഫലം നൽകാത്തതിനാൽ ഞാൻ ഉപേക്ഷിച്ചു കളഞ്ഞ ഒരു മത്തനായിരുന്നു അത്. ഭാഗ്യം ഒരു ചെറിയ മത്തങ്ങ പാകമായി കിടപ്പുണ്ട്.
ദൈവത്തെ അഭിമുഖം കാണുന്ന മനുഷ്യരുടെ ആദ്യ പ്രതികരണമായി പഴയ നിയമത്തിൽ ആവർത്തിച്ചു പറയുന്നത് “അവർ ഒരു ബലിപീഠം പണിതു” എന്നാണ്. ദൈവത്തെ അഭിമുഖം കണ്ട മനുഷ്യരെല്ലാം ആ ഓർമ്മക്കായി ഒരു ബലിപീഠം പണിതു. പുതിയ നിയമത്തിൽ ആകട്ടെ ദൈവാഭിമുഖങ്ങളുടെ സ്മരണ നിലനിർത്തുന്നത് വിരുന്ന് നടത്തിക്കൊണ്ടാണ്. ആ വിരുന്നുകളിൽ ഈശോ സജീവ സാന്നിധ്യം ആയിരുന്നു.
മത്തങ്ങ കൊണ്ട് ഒരു വിരുന്ന് നടത്താനാണ് ഞാൻ തീരുമാനിച്ചത്. ഇതുവരെ ഉണ്ടാക്കാത്ത ഒരു മത്തൻ പാചകക്കുറിപ്പ് അന്വേഷിച്ച എനിക്ക് ‘ചക്കര മത്തൻ’ എന്ന റെസിപ്പി കിട്ടി. മലപ്പുറത്തുകാരുടെ വിശേഷ വിഭവം ആണത്രേ. ചെറുപയർ, മത്തൻ ശർക്കര, തേങ്ങ ആദിയായ എല്ലാം ചേർത്ത് ഉണ്ടാക്കുന്ന ഒരു മധുര പലഹാരം. കാവുകാട്ടു അച്ചനിൽ ഞാൻ ദൈവത്തെ കണ്ടു. ആ ഓർമ്മ നിലനിർത്താൻ ഞാൻ ആദ്യമായി ഉണ്ടാക്കിയ ചക്കര മത്തൻ എന്റെ പത്തോളം സുഹൃത്തുക്കൾക്ക് വിളമ്പി.