ജീവന്മുക്തൻ
അച്ചന്റെ യാത്രകളും കർമ്മമണ്ഡലവും എനിക്ക് ഭേദചിന്തകളും രാഗദോഷങ്ങളുമകന്ന ഒരു ജീവന്മുക്തന്റെ ഓർമ്മയെ തരുന്നു. ഓരോ മനുഷ്യനും അവനവനും അവന്റെ യഥാർത്ഥ സ്വത്വത്തിലേക്കുള്ള അതിസാഹസികമായ ദൂരവും അടങ്ങുന്ന സ്വതന്ത്ര പാക്കേജുകളായിട്ടാണ് തോന്നിയിട്ടുള്ളത്. ആ ദൂരത്തെ സ്വന്തം കർമ്മങ്ങളിലൂടെ അതിസാഹസികമായി തന്നെ യാത്ര ചെയ്തു തീർത്ത് അവന്റെ യഥാർത്ഥ സ്വത്വത്തിൽ വിളങ്ങി നിൽക്കാൻ കഴിയുമ്പോഴാണ് ആത്മ സാക്ഷാത്കാരം ഉണ്ടാകുന്നതും. ഇങ്ങനെ സ്വന്തം കർമ്മങ്ങളിലൂടെ അതിസാഹസികമായി യാത്ര ചെയ്ത് തന്റെ യഥാർഥ സ്വത്വത്തിൽ വിളങ്ങി വിരാജിക്കുന്ന ഒരു ജീവന്മുക്തന്റെ പരിവേഷമാണ് അച്ചനുള്ളത്.
ഭേദചിന്തകളില്ല… രാഗദ്വേഷങ്ങളില്ല… സ്വത്വം കണ്ടെത്തിയവന്റെ സ്ഥായിയായ ആനന്ദം മാത്രമാണുള്ളത്…. ഋഷി തുല്യമായ മനോഭാവംകൊണ്ടും സൗമ്യമായ ഇടപെടൽ കൊണ്ടും അച്ചൻ എപ്പോഴും അതിശയിപ്പിക്കുന്നു… ഇതാ യേശുക്രിസ്തു കുരിശാൽ വീണ്ടെടുത്തു തന്ന സന്തോഷം അണിഞ്ഞു നിൽക്കുന്ന ഒരു യഥാർത്ഥ വൈദികൻ എന്നു ഞാൻ പറയും.