കാർ
ഇന്ത്യയിൽ ജനങ്ങളുടെ കാർ യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച രാജീവ് ഗാന്ധിയെപ്പോലെ തന്നെ മാരുതി 800 കാറിൻ്റെ ആദ്യ മോഡൽ സ്വന്തമാക്കാൻ പൂനെയിലെ ശ്രീ എം. ടി. വർക്കിയും ആഗ്രഹിച്ചിട്ടുണ്ടാകും. അന്ന് വർക്കി ചേട്ടൻ കുറച്ച് പണം സ്വരൂപിച്ച് തൻ്റെ കുടുംബത്തിനായി ഒരു മാരുതി 800 ബുക്ക് ചെയ്തു.
പള്ളിക്ക് വേണ്ടി വാങ്ങാൻ ആഗ്രഹിച്ച സ്ഥലത്തിന് പണം കണ്ടെത്താൻ പാടുപെടുകയായിരുന്ന കാവുകാട്ടച്ചൻ സ്ഥലം വാങ്ങുന്നതിനുള്ള പണം തികയാതെ വന്നപ്പോൾ ഇടവകയെ സഹായിക്കാൻ അഭ്യർത്ഥിച്ച് വർക്കി ചേട്ടനെ സമീപിച്ചു. “പള്ളിയോളം പ്രാധാന്യം കാറിനില്ല”, എന്ന് പറഞ്ഞു വർക്കി ചേട്ടൻ കാറിനായി സൂക്ഷിച്ചിരുന്ന പണം കാവുകാട്ടച്ചന് നൽകി. “കാറ്റിൻ്റെ ചിറകുകളിൽ സഞ്ചരിക്കുന്ന കർത്താവ് സമയമാകുമ്പോൾ എനിക്ക് ഒരു കാർ തരും” എന്നത് അദ്ദേഹത്തിൻ്റെ ഉറച്ച വിശ്വാസമായിരുന്നു.
വർക്കി ചേട്ടനെപ്പോലുള്ള നിരവധി ആളുകളുടെ ത്യാഗങ്ങൾ മാത്രമാണ് പള്ളിക്ക് സ്ഥലം വാങ്ങൽ സാധ്യമാക്കിയത്. മിഷനറിതുല്യമായ മനസ്സോടെ തങ്ങളുടെ കുട്ടികൾക്കും പേരക്കുട്ടികൾക്കും വിശ്വാസവും പാരമ്പര്യവും കൈമാറാൻ സഹകരിച്ച എല്ലാവരെയും കാവുകാട്ടച്ചൻ ഹൃദ്യമായി ഓർക്കുന്നു. അവർ തങ്ങളുടെ ജന്മദേശം വിട്ടു പോന്നിട്ടും അക്ഷരാർത്ഥത്തിൽ വിശ്വാസം നിലനിർത്തുകയും ആഘോഷിക്കുകയും ജീവിക്കുകയും ചെയ്യുന്നു.