കുഞ്ഞുങ്ങൾ വളരട്ടെ
എല്ലാ നേതാക്കളും ഹ്രസ്വകാല ലക്ഷ്യങ്ങൾ നേടുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ ദർശനമുള്ള നേതാവ് ഹ്രസ്വകാല ലക്ഷ്യങ്ങൾക്കൊപ്പം ദീർഘകാല ലക്ഷ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഭാവിതലമുറയ്ക്കായി സമൂഹത്തെ ജീവനോടെ നിലനിർത്തുന്നതിന് യുവതലമുറയെ വിശ്വാസത്തിലും ആത്മീയ രീതികളിലും രൂപപ്പെടുത്തേണ്ടത് പ്രധാനമാണെന്ന് ദർശനമുള്ള നേതാവായ കാവുകാട്ട് അച്ചന് അറിയാമായിരുന്നു.
പതിവ് ആരാധനക്രമ, ആത്മീയ പ്രവർത്തനങ്ങൾക്കൊപ്പം, കുട്ടികൾക്കായി വിശ്വാസ രൂപീകരണ ക്ലാസുകളും കാവുകാട്ട് അച്ചൻ ആരംഭിച്ചു. മിഷൻ്റെ ആരംഭത്തിൽ തന്നെ കുട്ടികളെ വീടുകളിൽ ഒരുമിച്ചുകൂട്ടി, സന്നദ്ധരായ അധ്യാപകൾ ക്ലാസുകൾ നടത്തി. ആ സമയത്ത് അദ്ദേഹത്തിൻ്റെ ഒരേയൊരു ആഗ്രഹം എല്ലാവർക്കും ഒത്തുകൂടാൻ കഴിയുന്ന ഒരു താൽക്കാലിക ഷെഡും മതബോധന ക്ലാസുകളും നിർമ്മിക്കാൻ ഒരു ചെറിയ സ്ഥലം വാങ്ങുക എന്നതായിരുന്നു.
തൻ്റെ അധികാരികൾ കാവുകാട്ട് അച്ചന് നൽകിയ നിയോഗം പൂനെയിലെ എം.എസ്.ടി. ‘വൈദികരുടെ ടീമിനെ നയിക്കുക’ എന്നതായിരുന്നു. അത് കൊണ്ട് പൂനെയുടെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികളെ പരിപാലിക്കാൻ അദ്ദേഹം തൻ്റെ സഹവൈദികരെ നിയോഗിച്ചു. എന്തെങ്കിലും സാമ്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷയിൽ, പാലാ രൂപതയിലെ ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിനെ സമീപിച്ചു, അയ്യായിരം രൂപ സഹായം അഭ്യർത്ഥിച്ചു (അന്ന് അത് ഒരു വലിയ തുകയായിരുന്നു.) എന്നാൽ സംഭാവന നൽകുന്നതിനുപകരം, അതേ അഭ്യർത്ഥനയുമായി മറ്റ് ബിഷപ്പുമാരെ സമീപിക്കാൻ ബിഷപ്പ് കാവുകാട്ട് അച്ചനോട് ആവശ്യപ്പെട്ടു. അനുസരണയെ പ്രതിയും, ബിഷപ്പിനെ വ്രണപ്പെടുത്താതിരിക്കാനും കാവുകാട്ട് അച്ചൻ രണ്ട് ബിഷപ്പുമാരെ സമീപിച്ചപ്പോൾ തന്നെ നിരാശ ആയിരുന്നു ഫലം. പള്ളിക്കാപറമ്പിലിൻ്റെ നിസ്സഹകരണത്തിലും അദ്ദേഹം കൂടുതൽ ദുഖിച്ചു.
എന്നാൽ, പൂനെ മിഷൻ്റെ ഈ ലക്ഷ്യം ബിഷപ്പ് ജോസഫ് പള്ളിക്കാപറമ്പിൽ എസ്. എം. ബി. സിയിൽ അവതരിപ്പിച്ചു. ആ സമയത്ത് സിറോ മലബാർ സഭ ഒരു സ്വയാധികാര സഭയായി മാറിയിരുന്നില്ല, പകരം അത് സിറോ മലബാർ ബിഷപ്പ് കോൺഫറൻസ് (എസ്.എം.ബി.സി) ആയിരുന്നു. മറ്റ് എല്ലാ ബിഷപ്പുമാരും ഒരുമിച്ച് ശേഖരിക്കുന്ന അതേ തുക താനും സംഭാവന ചെയ്യുമെന്ന് അദ്ദേഹം ബിഷപ്പുമാരെ ഉത്സാഹിപ്പിച്ചു. തദ്ഫലമായി പാലാ രൂപത സംഭാവന ചെയ്ത 3 ലക്ഷം ഉൾപ്പെടെ 5 ലക്ഷം രൂപ മങ്കുഴിക്കരി പിതാവ് സംഘടിപ്പിച്ചു കാവുകാട്ട് അച്ചനെ ഏൽപ്പിച്ചു.
സഹായമായി അയ്യായിരം രൂപ എങ്കിലും ലഭിക്കാൻ ആഗ്രഹിക്കുന്നയാൾക്ക് 5 ലക്ഷം രൂപ ലഭിക്കുന്നു! പൂനെയിൽ നിരവധി കേന്ദ്രങ്ങൾ വികസിപ്പിക്കാൻ ഈ തുക അദ്ദേഹം തൻ്റെ സഹവൈദികരെ ഏൽപ്പിച്ചു. “ചെറിയ കാര്യങ്ങളിൽ വിശ്വസ്തരായവർക്ക് വലിയ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കപ്പെടും” എന്ന യേശുവിൻ്റെ വാക്കുകളിൽ കാവുകാട്ടച്ചൻ എപ്പോഴും വിശ്വസിച്ചു. അപ്രതീക്ഷിതമായ ലഭിച്ച സാമ്പത്തിക സഹായം വലിയ സ്വപ്നങ്ങൾക്ക് പുറകെ പോകാൻ സഹായിച്ചു, പൂനെയിലെ സീറോ മലബാർ സഭയുടെ ആസ്ഥാനമായി മാറുന്ന സ്ഥലങ്ങൾ തേടി കാവുകാട്ടച്ചൻ നടന്നു. സ്ഥലം വാങ്ങിയപ്പോൾ, അദ്ദേഹം ഒരു പള്ളിക്ക് അടിത്തറയിടുക മാത്രമല്ല, ഒരു സ്കൂളും ആരംഭിച്ചു. വിദ്യാഭ്യാസത്തിൻ്റെ രൂപീകരണ മൂല്യത്തെക്കുറിച്ചും അത് ഭാവി തലമുറയെ എങ്ങനെ രൂപപ്പെടുത്തുമെന്നും കാവുകാട്ടച്ചന് എല്ലായ്പ്പോഴും ബോധ്യമുണ്ട്. തുടക്കം മുതൽ തന്നെ അദ്ദേഹം ജനങ്ങളുടെ സമഗ്രക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, അദ്ദേഹം വളർത്തിയ കുട്ടികൾ ഇപ്പോൾ ഇടവകയുടെ തൂണുകളായി മാറിയിരിക്കുന്നതിൽ ഏറ്റവും സന്തോഷിക്കുന്നത് കാവുകാട്ടച്ചൻ തന്നെ ആണ്.