ദൈവത്തിൻറെ പദ്ധതി
പുണെ രൂപതയുടെ ബിഷപ്പ് വലേരിയൻ ഡിസൂസ, സീറോ മലബാർ രൂപതയിലെ വൈദികരെ പൂനെയിലേക്ക് ക്ഷണിച്ചപ്പോൾ, പൗരസ്ത്യ സഭകളെക്കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ പ്രബോധനങ്ങൾ ആത്മാർത്ഥമായി പാലിക്കുകയായിരുന്നു. സിറോ മലബാർ കുടിയേറ്റക്കാരുടെ ചാപ്ലെയിൻ ആയി കാവുകാട്ടച്ചൻ നിയമിതനായപ്പോൾ, രാവിലെ കുർബാന അർപ്പിക്കുകയും ബാക്കി സമയം വിശ്രമിച്ചിരിക്കുകയും ചെയ്യുന്ന ഒരു നിഷ്ക്രിയനായിരിക്കും അദ്ദേഹം എന്നാവും ബിഷപ്പ് കരുതിയിട്ടുണ്ടാവുക.
കാവുകാട്ടച്ചൻ ഒരു ദീർഘവീക്ഷണമുള്ളയാളും ഉത്സാഹിയും ആണെന്ന് നമുക്കെല്ലാവർക്കും അറിയാം! അദ്ദേഹം ഒരു ദൗത്യം ഏറ്റെടുക്കുമ്പോൾ, അമ്പത് വർഷങ്ങൾക്ക് ശേഷം അതെങ്ങനെ ഇരിക്കണം എന്ന മട്ടിലാണ് അതിൻ്റെ രൂപം സങ്കൽപ്പിക്കുന്നത്. തൽഫലമായി, അപ്പോസ്തലന്മാർ സഭയുടെ ശാശ്വത അടിത്തറകളായതു പോലെ, മിഷന് ശക്തമായ അടിത്തറ പാകുന്നതിൽ അദ്ദേഹം ശ്രദ്ധാലു ആയി. ചങ്ങനാശ്ശേരി അതിരൂപതയുടെ ആദ്യത്തെ മെത്രപൊലീത്തയും തൻ്റെ അമ്മാവനുമായ ആർച്ച് ബിഷപ്പ് മാത്യു കാവുകാട്ടിൽ നിന്ന് ഈ പാരമ്പര്യം അദ്ദേഹത്തിന് ലഭിച്ചതാകണം.
പൂനെയിൽ എത്തിയ ഉടനെ, വ്യക്തിപരമോ പ്രത്യയശാസ്ത്രപരമോ ആയ കാരണങ്ങളാൽ വിവിധ വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്ന ആളുകളെ കാവുകാട്ടച്ചൻ സംഘടിപ്പിച്ചു. ഇന്നത്തെ ഇടവക പണിയുന്ന ഒരു സ്ഥലം വാങ്ങാൻ അദ്ദേഹം സിറോ മലബാർ സമൂഹത്തെ പ്രേരിപ്പിച്ചു. എന്നിരുന്നാലും, പൂനെ ബിഷപ്പിന്റെ സങ്കല്പത്തിനും അപ്പുറമായിരുന്നു ഇത്. കാരണം സിറോ മലബാർ സമൂഹം തന്റെ അധികാരപരിധിയിൽ നിന്ന് വഴുതിപ്പോകുമെന്നു അദ്ദേഹത്തിന് തോന്നി. ഇടവകയ്ക്കായി ഭൂമി വാങ്ങാനുള്ള കാവുകാട്ടച്ചൻ്റെ പദ്ധതികളെക്കുറിച്ചുള്ള ആശങ്കകൾ ബിഷപ്പ് അദ്ദേഹത്തോട് പ്രകടിപ്പിച്ചു.
എന്നാൽ, കാവുകാട്ടച്ചൻ്റെ നോട്ടത്തിലും സ്പർശനത്തിലും സംസാരത്തിലും മാന്ത്രികതയുണ്ടെന്ന് അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾക്ക് അറിയാം. ബിഷപ്പുമായുള്ള മാന്യമായ ഇടപെടലുകളിൽ നിന്ന്, പിന്നീട് ബിഷപ്പ് കാവുകാട്ടച്ചൻ്റെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കി. ബിഷപ്പ് മരിക്കുന്നതുവരെ അവർ ഉറ്റ സുഹൃത്തുക്കളായി തുടർന്നു. സെന്റ് അൽഫോൻസ പള്ളിക്കായി കാലേവാഡിയിൽ വാങ്ങിയ സ്ഥലം കാണാൻ ബിഷപ്പ് എത്തിയപ്പോൾ, അദ്ദേഹം കാവുകാട്ടച്ചനോട് പറഞ്ഞു, “ഫാ. ജോർജ്ജ്, നിങ്ങൾ വളരെ തീക്ഷ്ണതയുള്ള ഒരു മിഷനറിയാണ്. എനിക്ക് ധാരാളം പണമുണ്ട്, പക്ഷേ നിങ്ങളെപ്പോലെ ഉത്സാഹമുള്ള വൈദികർ തുലോം കുറവാണ്. നിങ്ങളുടെ തീക്ഷണത തുടരുക.” ഖഡ്ക്കി, ദിഗി, വടഗോസരി, വനവാഡി, അകുർഡി എന്നിവയുൾപ്പെടെ പൂനെയ്ക്ക് ചുറ്റുമുള്ള നിരവധി പള്ളികൾക്ക് ശക്തമായ അടിത്തറ പാകുന്നതിൽ കാവുകാട്ടച്ചൻ നിർണായക പങ്കുവഹിച്ചു. ദൈവത്തിന്റെ പദ്ധതിയിലെ ഒരു കാലാൾ പടയാളി ആയതിൽ സർവ്വശക്തനോട് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം സ്വയം താഴ്ത്തുന്നു.
ദൈവത്തിൻ്റെ പദ്ധതികൾ അജ്ഞാതമാണ്! സമീപകാലത്ത്, സിന്ധുദുർഗ് രൂപതയ്ക്കായി 5 വലിയ പ്ലോട്ടുകൾ കാവുകാട്ടച്ചൻ പരിപാലിക്കുന്നുണ്ട്. ഇവ അവഗണിക്കപ്പെട്ട തരിശുഭൂമികളായിരുന്നു. അദ്ദേഹം അതിൽ കൃഷി ചെയ്തു, പരിപോഷിപ്പിച്ചു, അതിൽ പ്രാർത്ഥിച്ചു, കൃഷിയോഗ്യമാക്കി. ഈ ഭൂമി ഇപ്പോൾ നിരവധി ജീവിതങ്ങളെ പരിപോഷിപ്പിക്കുന്ന ജൈവ ഭക്ഷണവും പഴങ്ങളും വിളവും നൽകുന്നു. പൂനെയിലെ മെത്രാൻ വലേറിയൻ ഒരിക്കൽ വാങ്ങുകയും രൂപത വിഭജിച്ച് സിന്ധുദുർഗ് രൂപതയ്ക്ക് കൈമാറുകയും ചെയ്ത പ്ലോട്ടുകളായിരുന്നു ഇവ. ദൈവത്തിൻ്റെ പദ്ധതികളുടെ നാടകീയത നിഗൂഢവും കൗതുകകരവുമാണ്!
ചിത്രം: സിന്ധുദുർഗ് രൂപതയുടെ വിരമിച്ച ബിഷപ്പ് ആൽവിൻ ബാരെട്ടോ കാവുകാട്ട് അച്ചനെ സന്ദർശിച്ച് പ്രാർത്ഥിക്കുന്നു.