Skip links

പ്രേഷിത ജീവിതം

സെന്റ് തോമസ് മിഷനറി സൊസൈറ്റി (എം. എസ്. ടി) യിൽപ്പെട്ട ഫാ. ജോർജ്ജ് കാവുകാട്ട്, സൊസൈറ്റിയുടെ പ്രേഷിത മേഖലയായ സാംഗ്ലി മിഷന്റെ ആഭിമുഖ്യത്തിലുള്ള മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ മിഷനറിയായി പ്രവർത്തിക്കുന്നു. ഏറ്റവും താഴ്ന്നതും എളിമയുള്ളതുമായ ജീവിതം നയിക്കുന്ന അദ്ദേഹം ക്രിസ്തുവിന്റെ ദൗത്യത്തിൽ ഏർപ്പെടുന്നു, ലോകത്തിനു മുന്നിൽ ക്രിസ്തുവിന്റെ വലിയ സാക്ഷി ആയി മാറുന്നു. തന്റെ മുഴുവൻ ജീവിതവും സമൂഹത്തിലെ ഏറ്റവും പിന്നാക്ക വിഭാഗങ്ങൾക്കായി അദ്ദേഹം സമർപ്പിച്ചിരിക്കുന്നു. ജൈവരീതിയിൽ കൃഷി ചെയ്ത് ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കിടയിൽ വിതരണം ചെയ്യുക, തരിശായി കിടക്കുന്ന ഭൂവിടങ്ങളെ പുനരുജ്ജീവിപ്പിച്ച് ഉൽപ്പാദനക്ഷമമാക്കുക എന്നിങ്ങനെ ആരും ചെയ്യാൻ മുതിരാത്തതും, കഠിന പ്രയത്നവും ക്ഷമയും, സഹനശീലതയും വേണ്ട പ്രേഷിത പ്രവർത്തനത്തിലാണ് 75 തികക്കുന്ന ഫാ ജോർജ്ജ് ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. അക്കാദമിക വിശാരദൻ അല്ല എങ്കിലും തന്റെ പ്രവർത്തനങ്ങൾക്ക് താത്വികവും ദൈവശാസ്ത്രപരവുമായ നിർവചനങ്ങളും വിശദീകരണങ്ങളും കൊടുത്തിട്ടുണ്ട് ഫാ. ജോർജ്ജ്. ഇപ്പോൾ അദ്ദേഹം നയിച്ച് കൊണ്ടിരിക്കുന്നത് ഇസിദോറിയൻ ആത്മീയതയും ജോസഫൈൻ ആത്മീയതയും ആണ്

അദ്ദേഹം ഏറ്റെടുത്ത ഒരു ശ്രദ്ധേയമായ ദൗത്യം മഹാരാഷ്ട്രയിലെ വിദൂര അവികസിത ആദിവാസി മേഖലയായ വരായ്ചപ്പാടയിലെ ദളിത്, ആദിവാസി ഗ്രാമീണരുടെ ഉന്നമനം ആയിരുന്നു. വിദ്യാഭ്യാസത്തിലൂടെയും സുസ്ഥിര കൃഷിയിലൂടെയും ജനങ്ങളുടെ ജീവിതത്തെ പരിവർത്തനം ചെയ്യുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. മാലിന്യ കൂടകളിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുക്കൾ മുതൽ അപകടത്തിൽപ്പെട്ടവർ വരെയുള്ള പലരുടെയും ജീവിതത്തിൽ അദ്ദേഹം ഒരു കാവൽ മാലാഖയായിരുന്നു. നിരാശരായി ജീവിതം തള്ളി നീക്കേണ്ടിയിരുന്ന അനേകം ജീവിതങ്ങളെ അദ്ദേഹം രക്ഷിച്ചു, അവരെ പ്രതീക്ഷയുടെ തീരത്തേക്ക് നയിച്ചു.

പൗരോഹിത്യ സ്വീകരണാനന്തരം യുവ വൈദികനെന്ന നിലയിൽ, പുതുതായി സ്ഥാപിതമായ ഉജ്ജയിനിലെ മിഷനിലെ മാന എന്ന സ്ഥലത്ത് ഒരു പുതിയ ദൗത്യം ആരംഭിക്കാൻ അദ്ദേഹം നിയോഗിക്കപ്പെട്ടു. 1979-ൽ തന്റെ 28-ആം വയസ്സിൽ അദ്ദേഹം അവിടെയിറങ്ങി. തനിക്കോ താൻ ജോലിചെയ്യുന്ന ആളുകൾക്കോ അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ദൗത്യം ഇതിഹാസ സമാനമായ ഒരു തുടക്കം ആയിരുന്നു. ഒരു സാധു സന്യാസിയുടെ കൂടെ ഒരു കുടിലിൽ കഴിയേണ്ടി വന്ന അദ്ദേഹം ആ ഗ്രാമത്തിൽ മോശം ആരോഗ്യവും പോഷകാഹാരക്കുറവും മൂലം ബുദ്ധിമുട്ടുന്ന ആളുകളെ പരിപാലിക്കാൻ തുടങ്ങി.

ഇന്നത്തെ കല്യാൺ രൂപതയിലെ മിഷനറി അജപാലന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് അദ്ദേഹത്തിന്റെ മിഷനറി സംഭാവനകളിൽ ഉൾപ്പെടുന്നു. 1984 ജൂണിൽ, മഹാരാഷ്ട്രയിലെ 11 ജില്ലകൾ ഉൾപ്പെടുന്ന പൂനെ രൂപതയിലെ സീറോ-മലബാർ കുടിയേറ്റക്കാരുടെ അജപാലന പരിപാലനത്തിനായി എസ്. എം. ബി. സി അദ്ദേഹത്തെ നിയോഗിച്ചു. പിന്നീട് എം. എസ്. ടി വൈദികർക്ക് സ്വതന്ത്ര പ്രേഷിത പ്രവർത്തനത്തിന് സാംഗ്ലി മിഷൻ പ്രദേശം അനുവദിച്ചപ്പോൾ ഫാ. ജോർജ്ജ് എംഎസ്ടിയുടെ ഡയറക്ടർ ജനറലിനെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ റീജിയണൽ ഡയറക്ടറായി. പിന്നീട് ബിഷപ്പിനെ പ്രതിനിധീകരിച്ച് കല്യാൺ എപ്പാർക്കിയിലെ എപ്പിസ്കോപ്പൽ വികാരിയും (സിഞ്ചെല്ലൂസ്) ആയി നിയമിതനായി. മഹാരാഷ്ട്രയിലെ വേഗത്തിലും വിശാലതയിലും വളർന്ന ഇന്നത്തെ സാംഗ്ലി മിഷനെ അതിന്റെ രൂപത്തിൽ ആക്കാൻ ഫാ ജോർജ്ജിന്റെ ദൗത്യം നിസ്തുലമാണ്.

Leave a comment

Home
Account
Cart
Search