കുടുംബാംഗങ്ങളുടെ ജോർജ് അച്ചൻ, ലോകത്തിന്റെ ഫാദർ ബാബായും
ഈ ലോകത്തിന്റെ ഫാദർ ബാബായായ ഞങ്ങളുടെ ജോർജച്ചനെ, കാവുകാട്ട് കുടുംബത്തിന്റെ മാത്രം കുടുംബ വൈദികനാക്കി ചിത്രീകരിച്ചു ചെറുതാക്കുവാൻ ആഗ്രഹിക്കുന്നില്ല. മിഷൻ മേഖലകളിലെ കഠിന പ്രയത്നങ്ങൾക്കിടയിലും, എപ്പോഴും യാത്രാ ടിക്കറ്റുകൾ എങ്ങനെങ്കിലും തരപ്പെടുത്തി ഞങ്ങളുടെ ഇടയിലേക്ക് ഓടി എത്തുന്നു ഞങ്ങൾ ഏവരുടെയും സ്വന്തം ജോർജച്ചൻ. ഈ ജോർജ് അച്ചൻ എങ്ങനെയാണ് ഇത്ര ചരുങ്ങിയ സമയത്തു ടിക്കറ്റ് തരപ്പെടുത്തുന്നത് എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്! ‘If there is a will, there is a way’, എന്നാണല്ലോ പറയപ്പെടുന്നത്. എത്തി ചേരുന്ന ഇടങ്ങളിലെല്ലാം ഒരു കൈയൊപ്പു ചാർത്തിയാണല്ലോ നമ്മുടെ ജോർജ് അച്ചൻ യാത്രയാവുന്നത്. അവിടങ്ങളിലൊക്കെ അച്ചനെ അറിഞ്ഞു, വേണ്ടുന്ന സഹായങ്ങളെല്ലാം ചെയ്യുവാൻ സന്നദ്ധരായ ദൈവ ജനം കൂടെ ഇല്ലെങ്കിലല്ലേ അത്ഭുതമുള്ളൂ!
ജോർജച്ചന്റെ സ്വകുടുംബത്തോടുള്ള സ്നേഹവും, ഇഷ്ടവും, പ്രതിബദ്ധതയും , തിരക്കിട്ട മിഷൻ ജോലികൾക്കിടയിലും അദ്ദേഹത്തെ വീണ്ടും വീണ്ടും നാട്ടിലേക്കു എത്തിച്ചുകൊണ്ടിരിക്കുന്നു. സ്വകുടുംബത്തിലെ ആദ്ധ്യാത്‌മിക കാര്യങ്ങൾ പ്രതിജ്ഞാബദ്ധമായി നിർവഹിക്കുക എന്നത് ഒരു കർത്തവ്യമായി അദ്ദേഹം കാണുന്നു. എത്ര ദൂരെയെങ്കിലും, മാമ്മോദീസ, വിവാഹം, ചരമം, വാർഷികം എന്നിവയിലെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യവും, പ്രാർത്ഥനയും, ആശീർവാദവും കുടുംബത്തിന് ഒരു മുതൽക്കൂട്ടാണ്. സ്വകുടുംബത്തോടൊപ്പം മാത്രമല്ല അദ്ദേഹത്തിന്റെ കടപ്പാട് എന്ന് വ്യക്തമാക്കട്ടെ. സുഹൃത്തുക്കൾ, മറ്റു ബന്ധുക്കൾ ഇവരുടെയൊക്കെ വിവിധ ആവശ്യങ്ങൾക്കായി, ആരോഗ്യപരവും, യാത്രാസംബന്ധവുമായ ബുദ്ധിമുട്ടുകളെ തൃണവൽക്കരിച്ചു് ഓടി എത്തുന്ന ഒരു മാതൃകാവൈദികനെയാണ് നാം ജോർജ് അച്ചനിൽ ദർശിക്കുന്നത്. കടനാട് സെ. സെബാസ്ററ്യൻസ് സ്കൂളിലെ സഹപാഠിയും, സന്തത സഹചാരിയുമായ പേന്താനത്തു ജോയിച്ചേട്ടന്റെ വാക്കുകൾ പ്രത്യേക പരാമർശം അർഹിക്കുന്നു, “എന്റെ മാത്രമല്ല, എന്റെ മകന്റെയും വിവാഹം ആശീർവദിച്ചത് ജോർജച്ചനാണ്”. അദ്ദേഹത്തിന്റെ ശക്തമായ കരുതൽ, കുടുംബാംഗങ്ങളെയും, സ്നേഹിതരെയുമൊക്കെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുന്നു എന്ന് നിസ്സംശയം പറയാം.
ആദ്ധ്യാൽമിക മണ്ഡലങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല ജോർജ് അച്ചന്റെ കുടുംബാംഗങ്ങളോടും, സ്നേഹിതരോടും നാട്ടുകാരോടും, അപരിചിതരോടുമൊക്കെയുള്ള കരുതലും, സ്നേഹവും. കണ്ടുമുട്ടുന്നവരുടെയൊക്കെ സർവോന്മുഖമായ പുരോഗതി ഉറപ്പാക്കുന്ന പ്രവർത്തനങ്ങളിൽ അച്ചൻ എന്നും വ്യാപൃതനാണ് എന്നതിൽ യാതൊരു സംശയവും ഇല്ല. അർഹരായവരെ സ്വന്തം പ്രവർത്തന മേഖലകളിൽ പോലും എത്തിച്ച, അവസരങ്ങൾ സൃഷ്ടിച്ചു കൊടുക്കുന്നതിലും ജോർജ് അച്ചൻ പ്രതിജ്ഞാബദ്ധനാണ്.
അച്ചൻ പകർന്നു തന്ന ഒരു വലിയ പാഠം ഇവിടെ അനുസ്മരിക്കട്ടെ. ദൈവം വ്യക്തികൾക്ക് താലന്തുകൾ നൽകുന്നത് വ്യത്യസ്തമായിട്ട് ആണെന്നും, അവരിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെ സംരക്ഷിക്കേണ്ടത് താലന്തുകളാൽ അനുഗ്രഹിക്കപ്പെട്ടവരുടെ കടമയാണെന്നും, കുടുംബത്തിൽ ആസന്നമായിരിക്കുന്ന ഒരു പുത്തൻ കുർബാനയെക്കുറിച്ചു പരാമർശിച്ചു അദ്ദേഹം വ്യക്തമാക്കുന്നു. ഇപ്പോഴത്തെ തന്റെ പ്രവർത്തന മണ്ഡലമായ കൃഷി ആവശ്യത്തിന്, ഒരുവടക്കേ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയെ കൊണ്ടുപോകേണ്ടി വന്നപ്പോൾ, അവനെ മാത്രമല്ല, അവന്റെ ഗർഭിണിയായ ഭാര്യയെയും, കുഞ്ഞിനേയും സന്തോഷത്തോടെ കൊണ്ടുപോകുകയും, കുഞ്ഞുങ്ങളെ പരിചരിച്ചു്, വളർത്തി വലുതാക്കി വിദ്യ അഭ്യസിപ്പിച്ചു് മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനുള്ള തീരുമാനം എടുക്കുകയും ചെയ്ത കാര്യം, അദ്ദേഹത്തെ അതുല്യ വൈദിക സ്രേഷ്ടനാക്കി മാറ്റി നിറുത്തുന്നു. നാളിതുവരെ നിരവധി കുഞ്ഞു മക്കൾ ഫാദറു ബാബായുടെ സ്നേഹ പരിചരണത്തിൽ വളർന്നു വലുതായ കാര്യം പ്രത്യേകം പരാമർശിക്കേണ്ടതില്ലല്ലോ. ഒരു കൈ ചെയ്യുന്നത് മറ്റൊന്ന് അറിയാതെയുള്ള ജോർജ് അച്ചന്റെ നിരവധിയായ പ്രവർത്തനങ്ങൾ ഇത്തരം ഒരു കുറിപ്പിൽ പരാമർശിക്കപ്പെടേണ്ടത് തന്നെയെങ്കിലും, അദ്ദേഹം കൂടെ കൊണ്ട് നടക്കുന്ന ക്രിസ്തീയ മൂല്യങ്ങൾക്ക് വിരുദ്ധമാകുമല്ലോ എന്ന ഭയത്താൽ അവ ഞാൻ ഇവിടെ കുറിക്കുവാൻ മുതിരുന്നില്ല.
ചെറുപ്രായത്തിൽ തന്നെ അച്ചൻ കൃഷിയോടും പ്രകൃതിയോടുമൊക്ക വലിയ പ്രതിബദ്ധത കാണിച്ചതായി പേന്താനത്തു ജോയിച്ചേട്ടനും, അച്ഛന്റെ മൂത്ത സഹോദരൻ ജോസ് ചേട്ടനും എന്നോട് പറയുകയുണ്ടായി. മരം കയറുന്നതും, വയൽ ഉഴുത് കൃഷിയിൽ ചാച്ചനെ സഹായിക്കുന്നതുമൊക്കെ ജോർജ് അച്ചന്റെ ഇഷ്ടവിനോദങ്ങളായിരുന്നത്രെ. ഇന്ന് അദ്ദേഹം ഏറ്റെടുത്തിരിക്കുന്ന കൃഷി മിഷൻ ഇതിന്റെ ഒരു തുടർച്ച ആണ് എന്ന് വിശേഷിപ്പിക്കാം. കൊങ്കൺ മേഖലയിലെ, സിന്ധുദുർഗിൽ വിശാലമായി കിടക്കുന്ന തരിശൂഭൂമിയെ ഫലഫൂയിഷ്ടമാക്കി മാറ്റുന്ന പ്രവർത്തനങ്ങളിലാണല്ലോ അദ്ദേഹം ഇപ്പോൾ മുഴുകിയിരിക്കുന്നതു്. അതുവഴി പ്രദേശവാസികളെ നൂതന കൃഷി രീതികൾ പഠിപ്പിക്കുകയും ഒരു പ്രദേശത്തെ തന്നെ ദാരിദ്ര്യ മുക്തമാക്കുവാൻ ശ്രമിച്ചു്, ഒരു ആധുനിക ആദ്ധ്യാത്‌മിക മിഷൻ കത്തോലിക്കാ സഭക്കും, ലോകത്തിനും സമർപ്പിക്കുകയാണല്ലോ ജോർജച്ചൻ ചെയ്യുന്നത്. വി. ഇസിദോറിനെ മാതൃകയാക്കി, ഉത്പന്നങ്ങൾ ജനങ്ങൾക്ക് വിശപ്പടക്കുവാൻ വിതരണം ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുന്ന തത്വശാസ്ത്രം എത്ര മഹനീയം!
പേന്താനത്തു ശ്രീ. ജോയിയുടെയും മകന്റെയും വിവാഹം ബഹു. ജോർജ് അച്ചൻ ആശീർവദിച്ചപ്പോൾ.
Dr. Biju Mathew Kavukatt Mayanad Post Kozhikode